ഒരു ദിവസം അജയ് വിളിച്ചിട്ടു പറഞ്ഞു "ചേട്ടാ എന്റെ ഒരു ഫ്രണ്ടുണ്ട്, കൃഷ്ണകുമാറേട്ടനെ പരിചയപ്പെടണം, കാണാൻ ഒന്നങ്ങോട്ട് വന്നോട്ടെ എന്നു ചോദിച്ചു" ശരി ആയിക്കോട്ടെ അജയ് എന്ന് പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
വരാം, കാണാം എന്ന് പറഞ്ഞ സമയവും ദിവസവും കഴിഞ്ഞിട്ടും ആളെ കാണാത്തതുകൊണ്ട് നമ്പർ വാങ്ങി വിളിച്ചപ്പോഴാണറിയുന്നത് കക്ഷി സോഷ്യൽ വർക്കിൽ മാസ്റ്റർസ് ചെയ്യുകയാണ് അതിന്റെ കുറച്ച് തിരക്കിൽപ്പെട്ടിരിക്കുകയാണ് എന്ന്.
'First Impression is the Best Impression' എന്ന പറഞ്ഞവരെ ഓടിച്ചിട്ടു തല്ലണം.. സൂരജിനെ കുറിച്ചുള്ള എന്റെ ആദ്യത്തെ ചിന്ത തന്നെ നെഗറ്റീവ് ആയിട്ടാണ് തുടങ്ങിയത്.
അടുത്ത ദിവസം വൈകിട്ട് ഞാൻ കാണുന്നത് ഒരു ആക്ടീവയുടെ പുറകിൽ നിന്ന് ഇറങ്ങിവരുന്ന 6 അടി ഉയരവും, അതിനൊത്ത തടിയും, മുഖത്തു മനോഹരമായ ചിരിയുമള്ള ഒരു അനിയൻകുട്ടനെയാണ്.
ഏകദേശം ഒന്നര മണിക്കൂറോളം സൂരജ് പങ്കുവെച്ചത് അവൻ അജയുമായ് ചേർന്ന് ആരംഭിക്കുന്ന 'പ്രജാഹിത' എന്ന ശാരീരിക പരിമിതി നേരിടുന്നവർക്ക് വേണ്ടിയുള്ള കൂട്ടായ്മയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായിരുന്നു. ആ ഒന്നര മണിക്കൂറിനിടയിൽ ഞാൻ ചോദിച്ച ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ സൂരജ് തന്നുകൊണ്ടേയിരുന്നു.
ഇറങ്ങാൻ നേരത്ത് സൂരജ് പറഞ്ഞു പ്രജാഹിതയുടെ ഈ യാത്രയിൽ കൂട്ടിനു ചേട്ടനുമുണ്ടാകണം എന്ന്.
ഇന്ന് പ്രജാഹിത ഫൗണ്ടേഷൻെറ ഒന്നാം വാർഷികമാണ്. ഈ 365 ദിവസവും എനിക്ക് മുടങ്ങാതെ വരുന്ന ഒരു കോൾ ഉണ്ട്.. അത് സൂരജിൻേറതാണ്. ഓരോ ദിവസവും ഓരോ പുതിയ ആശയങ്ങളാണ് പറയാനുണ്ടാവുക. സുരജ് മാത്രമല്ല കേട്ടോ.. അജയ്, രാഹുൽ, റെജിൻ.. ഈ ഒരു വർഷത്തിനിടയ്ക്ക് എനിക്കു കിട്ടിയ മുത്തുകളാണ്.
ഇവരുടെ ചിന്തകൾ കണ്ട് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് എന്റെ തല കൊണ്ടുപോയി ഉപ്പിലിട്ടൂടെ എന്ന്..
കഴിഞ്ഞ ഒരു വർഷം കൊണ്ട് പുതിയ കുറേ പ്രോജക്ട്സ് ആരംഭിക്കാൻ പ്രജാഹിതയ്ക്ക് സാധിച്ചിട്ടുണ്ട്. iv2S, S. M. I. L.E,നിറംപകരാം, നമുക്കു ചലിക്കാം, സൗഖ്യം, അതിജീവന, Udaan. ഒരുപാട് മാറ്റങ്ങൾ ഒന്നും ഭിന്നശേഷിക്കാരുടെ ഇടയിൽ കൊണ്ടുവരാൻ നമുക്കു സാധിച്ചിട്ടില്ല. കാരണം പ്രജാഹിത നടന്നു തുടങ്ങിയിട്ടേയുള്ളൂ. അതിൻെറ കുറേ ഇടർച്ചകൾ ഉണ്ടാവുക സ്വാഭാവികമാണ്.
ആൽമരത്തിന്റെ വളർച്ച വളരെ പതുക്കെയായിരിക്കും.. വേരുകൾ ഭൂമിയിലേക്കു ആഴ്ന്നിറക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് അത് വളർന്ന് തുടങ്ങും, ഒരു വലിയ വൃക്ഷമാകും എന്നിട്ട് തണല് നൽകും, തണുപ്പു നൽകും, കുളിർക്കാറ്റു നൽകും.
അതെ.. ഒരുപാട് പേർക്ക് തണുപ്പാകാൻ തണലാകാൻ പ്രജാഹിത യാത്ര തുടരുകയാണ്.
コメント