ഒരു സ്വപ്നത്തിൽ നിന്നാണ് പ്രജാഹിത ആരംഭിക്കുന്നത്. അത് ഒരാൾ കണ്ട സ്വപ്നം അല്ല; ഒരുപാട് പേരുടെ സ്വപ്നം ആണ്! എനിക്കു ചുറ്റുമുള്ളവർ ചെയ്ത യാത്രകളുടെ വിശേഷങ്ങൾ കേട്ട് എന്റെ വീടിന്റെ പുറത്തേക്ക് ഇറങ്ങണമെന്ന് ശാരീരിക പരിമിതി നേരിടുന്ന ഓരോരുത്തരും കണ്ട സ്വപ്നം. സുഹൃത്തുക്കളും സഹോദരങ്ങളും ഒക്കെ ജോലി ചെയ്ത് വരുമാനം കണ്ടെത്തുമ്പോൾ എനിക്കും അങ്ങനെ ആകണമെന്ന് ഓരോ ഭിന്നശേഷിക്കാരനും കണ്ട സ്വപ്നം. എല്ലാവരെയും പോലെ തന്നെ ഓരോ ഭിന്നശേഷിക്കാരനും തന്റേതായ വ്യക്തിമുദ്ര നമ്മുടെ സമൂഹത്തിൽ പഠിപ്പിക്കേണ്ടതുണ്ടെന്ന ബോധ്യം ഓരോരുത്തരിലും എത്തിക്കുക, അറിയപ്പെടാതെ പോകുന്ന അവകാശങ്ങളെയും, കടമകളെയും കുറിച്ച് ബോധവാന്മാരാക്കുകയും അത് പ്രാവർത്തികമാക്കുക, ഈ സ്വപ്നങ്ങളുടെ ഒക്കെ പൂർത്തീകരണം ആണ് പ്രജാഹിത ഫൌണ്ടേഷൻ്റെ ലക്ഷ്യം. ഡിജിറ്റൽ,പ്രിൻറ് മാധ്യമങ്ങൾ ഒരുപാടുള്ള ഇക്കാലത്ത് എന്തിനാണ് ഇങ്ങനെ ഒരു മാഗസിൻ എന്ന് പലരും ചിന്തിച്ചേക്കാം.പക്ഷേ പുറത്തേക്ക് എത്താൻ കഴിയാതെ നിൽക്കുന്ന ശാരീരിക പരിമിതികൾ നേരിടുന്നവരും അല്ലാത്തവരും ആയ ഒരുപാട് പ്രതിഭകൾ നമുക്ക് ചുറ്റും ഉണ്ട്.അവരെ കണ്ടെത്തി അവരിലെ കഴിവുകൾ പുറത്തേക്ക് കൊണ്ട് വരിക എന്നതാണ് പ്രജാഹിത മാഗസിൻ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.രബീന്ദ്ര നാഥ് ടാഗോറിന്റെ ഗീതാഞ്ജ
ലിയിൽ അസ്തമയ സൂര്യൻെറ വേദനയെ കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട് അതിങ്ങനെയാണ് സൂര്യൻ അസ്തമി
ക്കാൻ തുടങ്ങുന്നു. അസ്തമിക്കുന്ന സൂര്യൻ കരഞ്ഞു കൊണ്ട് വിളിച്ചു പറയുകയാണ്." എനിക്കു പകരം ആരെങ്കിലും അല്പം വെളിച്ചം പകരൂ ഭൂമിയിലേക്ക് " പക്ഷേ ആരും കേട്ടില്ല...ആരും ശ്രദ്ധിച്ചില്ല... അപ്പോൾ അങ്ങ് താഴെ ഒരു മുക്കുവന്റെ കുടിലിൽ നിന്ന് ഒരു മെഴുക് തിരിയുടെ നാളം വിളിച്ചു പറഞ്ഞു:" ഞാൻ നൽകാം എന്റെ ഇത്തിരി നുറുങ്ങു
വെട്ടം!". നമുക്കറിയാം ഒരിക്കലും സൂര്യന്റെ വെളിച്ചത്തിന് പകരം വെക്കാൻ കഴിയുന്നതല്ല മെഴുകുതിരി വെളിച്ചമെന്നു. അതു പോലെ ഇരുട്ടിലായി പോയ ഒരുപറ്റം ആളുകളിലേക്ക് ഒരു മെഴുകുതിരി നാളമായി ഞങ്ങൾ പ്രജാഹിത ഫൗണ്ടേഷൻ എത്തുകയാണ്. നിങ്ങളുടെയൊക്കെ പ്രാർത്ഥനയും, സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുന്നു.
ടീം പ്രജാഹിത
Comments